Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഇടപ്പഴഞ്ഞി ആർഡിആർ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ എൻഡിഎയുടെ വികസന മാർഗരേഖ അദ്ദേഹം പ്രകാശനം ചെയ്യും.
"ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം" എന്ന തലവാചകത്തോടെ പുറത്തിറക്കുന്ന മാർഗരേഖ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അവതരിപ്പിക്കും. എൻഡിഎ അധികാരത്തിലെത്തിയാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എൻഡിഎ നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, സാബു എം. ജേക്കബ് എന്നിവർ ചടങ്ങിൽ സംസാരിക്കും. പ്രകാശ് ജാവദേക്കർ, വിനോദ് താവ്ഡെ, ശോഭ കരന്തലജെ തുടങ്ങിയ മുതിർന്ന നേതാക്കളും പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ 12 മണിക്ക് ആറ്റിങ്ങലിൽ റോഡ് ഷോയോടെയാണ് ദേശീയ അധ്യക്ഷന്റെ പര്യടനം ആരംഭിക്കുന്നത്. തുടർന്ന് ഹെലികോപ്റ്റർ മാർഗം മലപ്പുറത്തെത്തുന്ന അദ്ദേഹം വൈകിട്ട് മൂന്ന് മണിക്ക് താനൂർ പുത്തൻ തെരുവിലെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.
ബുധനാഴ്ച മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ നടക്കുന്ന റോഡ് ഷോകളിലും നിതിൻ നബിൻ പങ്കെടുക്കും. എൻഡിഎ മാർഗ്ഗരേഖയിലെ പ്രധാന പ്രഖ്യാപനങ്ങൾ ജനങ്ങളിലെത്തിക്കാൻ ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് പൂജപ്പുര ഗ്രൗണ്ടിൽ മെഗാ ഡ്രോൺ ഷോ സംഘടിപ്പിക്കും. അഞ്ഞൂറിലധികം ഡ്രോണുകളാണ് ഈ പ്രദർശനത്തിൽ അണിനിരക്കുന്നത്.
National
ന്യൂഡൽഹി: പത്തു സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാനദിനം ഇന്നലെ അവസാനിച്ചപ്പോൾ തെരഞ്ഞെടുപ്പ് ഗോദയിൽ മാറ്റുരയ്ക്കാൻ പ്രമുഖരുടെ പേരുകളുമുണ്ടെന്ന് തെളിഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും പുറമെ മുതിർന്ന കോണ്ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി, എൻസിപി (എസ്പി) തലവൻ ശരദ് പവാർ, ഡിഎംകെ നേതാവ് തിരുച്ചി ശിവ, കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ എന്നിവരും രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖരിൽ ഉൾപ്പെടുന്നു.
മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, ബിഹാർ, ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 16നാണ് നടക്കുക. തെരഞ്ഞെടുപ്പ് നടക്കുന്ന 37 സീറ്റുകളിൽ 12 എണ്ണം ഭരണമുന്നണിയായ എൻഡിഎക്കും ശേഷിക്കുന്നത് പ്രതിപക്ഷ കക്ഷികൾക്കുമാണ്. എന്നാൽ ഈ സംസ്ഥാനങ്ങളിൽ ഒടുവിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കിയതിനാൽ രാജ്യസഭയിൽ എൻഡിഎ സീറ്റെണ്ണം വർധിപ്പിക്കുമെന്ന കാര്യം തീർച്ചയാണ്. 37 സീറ്റിൽ 21 എങ്കിലും എൻഡിഎ നേടിയേക്കാമെന്നാണു വിലയിരുത്തൽ.
തമിഴ്നാട്ടിൽ രാജ്യസഭാ സീറ്റിനെച്ചൊല്ലി ഡിഎംകെയും കോണ്ഗ്രസും തമ്മിൽ തർക്കം മുറുകിയിരുന്നെങ്കിലും കോണ്ഗ്രസിന് ഒരു സീറ്റ് വിട്ടുനൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയെന്ന് കരുതപ്പെടുന്ന ക്രിസ്റ്റഫർ തിലകാണ് ഇവിടെ കോണ്ഗ്രസിന്റെ സ്ഥാനാർഥി. രാജ്യസഭാംഗത്വം ഏപ്രിലിൽ അവസാനിക്കുന്ന ഡിഎംകെ നേതാവ് തിരുച്ചി ശിവ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
മഹാരാഷ്ട്രയിലെ പ്രതിപക്ഷ മുന്നണിയായ മഹാ വികാസ് അഘാഡി (എംവിഎ) കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അതീവ ദുർബലരായെങ്കിലും സംസ്ഥാനത്തുനിന്ന് ഒരാളെയെങ്കിലും ഉപരിസഭയിലേക്കെത്തിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. ആ ഒരു പേര് ആരായിരിക്കണമെന്നതിൽ മുന്നണിക്കുള്ളിലെ പ്രബല പാർട്ടികൾ തമ്മിൽ പോരുണ്ടായിരുന്നെങ്കിലും അനിഷേധ്യനായ ശരദ് പവാർ എന്ന മുതിർന്ന നേതാവിലേക്കുതന്നെ കക്ഷിനേതാക്കളുടെ സമവായം എത്തിച്ചേരുകയായിരുന്നു. അതിനിടെ എൻസിപി (ശരദ്) വിഭാഗത്തിന്റെ എതിർപാളയമായ എൻസിപി (അജിത്) വിഭാഗത്തിൽനിന്ന് അജിത് പവാറിന്റെ മകൻ പാർഥ് പവാറും രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്.
Kerala
അങ്കമാലി: ശബരിമലയെ തകര്ത്ത് അധികാരം നിലനിര്ത്താനാണ് കേരളത്തില് ഇരുമുന്നണികളും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന് നിതിന് നബീന്.
ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഐക്യമാണ് ശബരിമലയെ തകര്ക്കാന് ശ്രമിക്കുന്നത്. സനാതന ധര്മത്തെ തകര്ക്കാന് ശ്രമിച്ചവരെ വെറുതെ വിടാന് ഇവിടത്തെ വിശ്വാസികള് തയാറാവില്ല. അതിനുവേണ്ടി ജീവത്യാഗം ചെയ്യാന് വരെ നാം തയാറാകും.
കുറ്റക്കാര്ക്കു ശിക്ഷ വാങ്ങിക്കൊടുക്കാന് ബിജെപി മുന്നിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില് നടന്ന എറണാകുളം, ആലപ്പുഴ ജില്ലകളിലെ ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു-വലതു മുന്നണികളുടെ അഴിമതിയും പ്രീണനവും തുറന്നുകാണിച്ച് ജനങ്ങളെ സമീപിച്ചാല് അവര് ഇരുകൈയും നീട്ടി ബിജെപിയെ സ്വീകരിക്കുമെന്ന് ഉറപ്പാണ്. കേരളം ആസ്ഥാനമാക്കിയാണ് പോപ്പുലര് ഫ്രണ്ട് രാജ്യവ്യാപകമായി പ്രവര്ത്തിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം നരേന്ദ്ര മോദിയുടെ സര്ക്കാരാണ് പോപ്പുലര് ഫ്രണ്ടിനെ നിരോധിച്ച് തീവ്രവാദത്തിനു തടയിടാന് ശ്രമിച്ചതെന്നും പറഞ്ഞു.
വരാന് പോകുന്ന തെരഞ്ഞെടുപ്പ് കേരളത്തില് മാറ്റം കൊണ്ടുവരുന്ന തെരഞ്ഞെടുപ്പാണ്. കേരളത്തില് ബിജെപി അധികാരത്തില് വരുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര്, ദേശീയ ജനറല് സെക്രട്ടറി വിനോദ് താവഡെ തുടങ്ങിയവരും പങ്കെടുത്തു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്ക്കണ്ട് താഴേത്തട്ടില് പ്രവര്ത്തനം കാര്യക്ഷമമാക്കാന് ബിജെപി. ഇതിനായി 90 ദിവസത്തെ കാര്യപരിപാടികള് തയാറാക്കി അതാത് മേഖലകളില് നേതാക്കളും പ്രവര്ത്തകരും പൂര്ണസമയം പ്രവര്ത്തിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന് നിതിന് നബിന് നിര്ദേശം നല്കി.
പാലാരിവട്ടം റിനൈ ഹോട്ടലില് നടന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഭാരിമാരുടെയും യോഗത്തിലാണ് ദേശീയ അധ്യക്ഷന് ഇതുസംബന്ധിച്ച നിര്ദേശം നല്കിയത്.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റ അധ്യക്ഷതയില് നടന്ന യോഗത്തില് ദേശീയ സെക്രട്ടറിയും തെരഞ്ഞെടുപ്പ് പ്രഭാരിയുമായ വിനോദ് താവ്ഡെ, സഹ പ്രഭാരിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെ , സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്, സംസ്ഥാന ജനറല് സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭ സുരേന്ദ്രന്, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി, നേതാക്കളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്, കെ. സുരേന്ദ്രന്, സി.കെ. പത്മനാഭന്, കുമ്മനം രാജശേഖരന്, കേന്ദ്രമന്ത്രി ജോര്ജ് കുര്യന്, എ.എന്. രാധാകൃഷ്ണന്, എ.പി. അബ്ദുള്ളക്കുട്ടി, സി. കൃഷ്ണകുമാര്, ഷോണ് ജോര്ജ്, പത്മജ വേണുഗോപാല് തുടങ്ങിയവരും പങ്കെടുത്തു.
ബിജെപി കോര് കമ്മിറ്റി യോഗത്തില് പങ്കെടുത്ത നിതിന് നബിന് എന്ഡിഎ ഘടകകക്ഷി നോക്കളായ തുഷാര് വെള്ളാപ്പള്ളി, സാബു എം. ജേക്കബ്, കെ.ടി. തോമസ്, വിഷ്ണുപുരം ചന്ദ്രശേഖരന്, കുരുവിള മാത്യു തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തി.
Kerala
കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന് നിതിന് നബീന് ഇന്നു കേരളത്തിലെത്തും. ഇന്ന് എറണാകുളം ജില്ലയിലും ശനിയാഴ്ച തൃശൂര് ജില്ലയിലും വിവിധ യോഗങ്ങളില് അദ്ദേഹം പങ്കെടുക്കും. പാര്ട്ടി അധ്യക്ഷനായ ശേഷം ഇതാദ്യമായിട്ടാണ് നിതിന് നബീന് കേരളത്തിലെത്തുന്നത്.
ഉച്ചയ്ക്ക് 1. 45 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില് എത്തുന്ന നിതിനെ ബിജെപി, എന്ഡിഎ നേതാക്കള് ചേര്ന്ന് സ്വീകരിക്കും. വിമാനത്താവളത്തിന് അടുത്ത് താജ് ഹോട്ടലില് ഉച്ചയ്ക്ക് 2.30 ന് ബിജെപി സംസ്ഥാന കോര് കമ്മിറ്റി ചേരും. നിയമസഭാ തെരഞ്ഞെടുപ്പില് സ്വീകരിക്കേണ്ട നിലപാടുകളും സ്ഥാനാർഥി നിര്ണയവുമെല്ലാം യോഗത്തില് ചർച്ചയാകുമെന്നാണ് സൂചന.
വൈകുന്നേരം നാലിന് അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില് നടക്കുന്ന എറണാകുളം- ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തില് നിതിന് നബീന് പങ്കെടുക്കും. 5.30 ന് പാലാരിവട്ടം റിനൈ ഹോട്ടലില് ബിജെപി സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടെയും മോര്ച്ച അധ്യക്ഷന്മാരുടേയും യോഗത്തിലും പങ്കെടുക്കും.
തുടര്ന്ന് എന്ഡിഎ സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അത്താഴവിരുന്നുമുണ്ടാകും. രാത്രി 8.15 ന് നിതിന് നബീന് എളമക്കരയിലെ ആര്എസ്എസ് സംസ്ഥാന കാര്യാലയവും സന്ദര്ശിക്കും.
ശനിയാഴ്ച രാവിലെ കാലടി ആദിശങ്കര ജന്മഭൂമിക്ഷേത്രം സന്ദര്ശിച്ച ശേഷം ബിജെപി അധ്യക്ഷന് തൃശൂരിലെത്തും. നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് രാവിലെ 10 ന് അദ്ദേഹം തൃശൂര് നഗരത്തില് ചുമരെഴുത്തു നടത്തും.
National
ന്യൂഡൽഹി: ബിജെപി അധ്യക്ഷൻ നിതിൻ നബിൻ ഇന്നു കേരളത്തിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയാറെടുപ്പുകൾ ശക്തിപ്പെടുത്താനായെത്തുന്ന നിതിൻ എറണാകുളം, തൃശൂർ ജില്ലകളിലെത്തി സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, നിയമസഭാ മണ്ഡലം ഭാരവാഹികൾ, എൻഡിഎ ഘടകകക്ഷികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഇന്ന് ഉച്ചകഴിഞ്ഞു കൊച്ചിയിലെത്തുന്ന നിതിൻ താജ് ഹോട്ടലിൽ നടക്കുന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. പിന്നീട് എറണാകുളം, ആലപ്പുഴ റവന്യു ജില്ലയിലെ ബൂത്ത് പ്രസിഡന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന നിതിൻ പാലാരിവട്ടത്ത് ബിജെപിയുടെ സംസ്ഥാന നേതൃനിരയോഗത്തിൽ പങ്കെടുത്തതിനുശേഷം വിവിധ എൻഡിഎ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
നാളെ കാലടിയിലെ ആദി ശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിച്ചതിനുശേഷം തൃശൂരിലെ വിവിധ ബിജെപി പരിപാടികളിലും പങ്കെടുക്കും.
Kerala
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ വെള്ളിയാഴ്ച കേരളത്തിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് നിതിൻ നബീൻ കേരളത്തിലെത്തുന്ന കാര്യം അറിയിച്ചത്.
ഫെബ്രുവരി ആറ്, ഏഴ് തീയതികളിലാണ് നിതിൻ നബീൻ കേരളത്തിൽ സന്ദർശനം നടത്തുക. ആറാം തീയതി കൊച്ചിയിൽ ബൂത്ത് പ്രസിഡന്റുമാരുടെ നേതൃയോഗത്തിൽ പങ്കെടുക്കും. ഏഴാം തീയതി തൃശൂരിൽ ബജറ്റ് ചർച്ചയിലും ഭാഗമാകും.
കൊച്ചിയിലാണ് അദ്ദേഹത്തിന് ആദ്യ സ്വീകരണം നൽകുകയെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലാണെന്നും ഫെബ്രുവരി ആദ്യവാരം ഒന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡല്ഹി: ബിജെപി ദേശീയ അധ്യക്ഷനായി നിതിന് നബീന് ചുമതലയേറ്റു. ഡല്ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, നിതിന് ഗഡ്കരി, മുന് ബിജെപി അധ്യക്ഷന് ജെ.പി. നഡ്ഡ എന്നിവര് പങ്കെടുത്ത ചടങ്ങിലാണ് നിതിന് നബീന് പാര്ട്ടി അധ്യക്ഷനായി ചുമതലയേറ്റത്. ബിജെപിയുടെ ചരിത്രത്തില് ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനെന്ന നേട്ടവുമായാണ് 45കാരനായ നിതിന് നബീന് അധ്യക്ഷസ്ഥാനത്ത് എത്തിയത്.
ബിജെപിയുടെ ദേശീയ വര്ക്കിംഗ് പ്രഡിഡന്റായി ഒരു മാസം പ്രവര്ത്തിച്ചതിനു ശേഷമാണ് അധ്യക്ഷ സ്ഥാനത്തേക്കു നിതിന് നബീനെ പാര്ട്ടി ചുമതലപ്പെടുത്തിയത്. ബിജെപി ആസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പഹാരം അണിയിച്ചാണ് നിതിന് നബീനിനെ പാര്ട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് അവരോധിച്ചത്.
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള നിതിന് നബീനിന്റെ കടന്നുവരവ് പാര്ട്ടിയിലെ തലമുറ മാറ്റത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര് വിലയിരുത്തുന്നത്. ബംഗാള് നിയമസഭ തെരഞ്ഞെടുപ്പില് പാര്ട്ടിക്ക് വിജയം ഉറപ്പാക്കുക ഉള്പ്പെടെയുള്ള ഭാരിച്ച ചുമതലകളാണ് നിതിന് നബീനു മുന്നിലുള്ളത്.
2006 മുതല് ബിഹാറില്നിന്നു തുടര്ച്ചയായി എംഎല്എയായും പിന്നീട് മന്ത്രിയായും ചുമതല വഹിച്ചിട്ടുള്ള നേതാവ് കൂടിയാണ് നിതിന് നബീന്. മുന് അധ്യക്ഷന് ജെ.പി. നഡ്ഡയുടെ നേതൃത്വത്തിന് കീഴില് ബിജെപി വലിയ നേട്ടങ്ങളാണ് കൈവരിച്ചതെന്നും ശൂന്യത്തില്നിന്നു ശിഖരത്തിലേക്കു പാര്ട്ടിയെ എത്തിച്ച നേതാവ് കൂടിയാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പുതിയതായി ചുമതലയേറ്റ ബിജെപി അധ്യക്ഷന് എല്ലാ ആശംസകളും അറിയിച്ച ജെ.പി. നഡ്ഡ തിരുവനന്തപുരം നഗരസഭയില് ബിജെപി നേടിയ വിജയം പാര്ട്ടിക്ക് പുതിയ ഊര്ജം നല്കിയെന്നും നിയമസഭ തിരഞ്ഞെടുപ്പില് ഉള്പ്പെടെ ബിജെപി ഇനിയും മുന്നേറുമെന്നും പറഞ്ഞു.
National
ന്യൂഡല്ഹി: ബിജെപി പന്ത്രണ്ടാമത് ദേശീയ അധ്യക്ഷനായി ഇന്ന് ചുമതലയേല്ക്കുന്നതിന് മുന്നോടിയായി നിതിന് നബിന് ഡല്ഹിയിലെ വിവിധ ആരാധനാലയങ്ങളില് ദര്ശനം നടത്തി. നിലവില് പാര്ട്ടിയുടെ ദേശീയ വര്ക്കിംഗ് പ്രസിഡന്റായ അദ്ദേഹം ഇന്ന് രാവിലെയാണ് പ്രാര്ത്ഥനകള്ക്കായി വിവിധ ആരാധനാലയങ്ങള് സന്ദര്ശിച്ചത്.
ഡല്ഹിയിലെ ത്സണ്ഡേവാലന് ക്ഷേത്രം, കൊണാട്ട് പ്ലേസിലെ പ്രശസ്തമായ ഹനുമാന് മന്ദിര്, പഞ്ച്കുയാന് റോഡിലുള്ള പ്രാചീന വാല്മീകി മന്ദിര് എന്നിവിടങ്ങളിലും ഡല്ഹിയിലെ പ്രശസ്തമായ ബംഗ്ലാ സാഹിബ് ഗുരുദ്വാരയിലും സന്ദര്ശനം നടത്തിയ ശേഷമാണ് അദ്ദേഹം ബിജെപി ആസ്ഥാനത്തെത്തിയത്. ജെ.പി. നദ്ദയ്ക്ക് പകരക്കാരനായി എതിരില്ലാതെയാണ് 45-കാരനായ നിതിന് നബിന് ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ന് ബിജെപി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ മുതിര്ന്ന നേതാക്കളുടെ സാന്നിധ്യത്തില് അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്ക്കും. ബിഹാറില് നിന്നുള്ള നേതാവായ ഇദ്ദേഹത്തിന്റെ അധ്യക്ഷ പദവി പാര്ട്ടിയിലെ ഒരു തലമുറ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
National
ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റായി ബിഹാർ മന്ത്രി നിതിൻ നബീനെ നിയമിച്ചു. നിലവിലെ പ്രസിഡന്റ് ജെ.പി.നഡ്ഡയുടെ കാലാവധി 2024ൽ അവസാനിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലാവധി നീട്ടുകയായിരുന്നു.
പറ്റ്നയിലെ ബാങ്കിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ബിഹാറിലെ പൊതുമരാമത്ത് മന്ത്രിയുമാണ് നിതിൻ നബീൻ. ദേശീയതലത്തിൽ ബിജെപിയിലെ തലമുറ മാറ്റത്തിനുള്ള സൂചനയാണ് നിതിൻ നബീനിലൂടെ പാർട്ടി മുന്നോട്ടു വയ്ക്കുന്നത്.
ബിജെപി അധ്യക്ഷനായ നഡ്ഡയ്ക്കു പകരം നിതിൻ ദേശീയ അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്. ബംഗാൾ, അസം, തമിഴ്നാട്, കേരള, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തേണ്ട ചുമതല നബീനാണെന്നും റിപ്പോർട്ടുകളുണ്ട്.